
നരേന്ദ്ര മോദി പ്രധാനമന്ത്രി പദവിയിൽ നിന്നും വിരമിച്ചാൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പ്രധാനമന്ത്രിയാകണമെന്ന് കോൺഗ്രസ് നേതാവ്. കർണാടക നിയമസഭാംഗമായ ബേലൂർ ഗോപാലകൃഷ്ണയാണ് സെപ്റ്റംബറിൽ 75 വയസ്സ് തികയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാനമൊഴിഞ്ഞാൽ ഗഡ്കരി പ്രധാനമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഗഡ്കരി രാജ്യത്തിന്റെ വികസനത്തിനായി നല്ലത് ചെയ്തിട്ടുണ്ടെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. 75 വയസ്സ് തികഞ്ഞവർ വഴിമാറണമെന്ന ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പരാമർശം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയാകുന്നതിനിടെയാണ് ബേലൂർ ഗോപാലകൃഷ്ണയുടെ പരാമർശം.
‘‘ഗഡ്കരി രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാകണം. ഗഡ്കരി സാധാരണക്കാരനോടൊപ്പമാണ്. ദേശീയപാതയടക്കമുള്ള വിഷയങ്ങളിൽ അദ്ദേഹം രാജ്യത്തിന്റെ വികസനത്തിനായി നല്ലത് ചെയ്തിട്ടുണ്ട്. ചെയ്ത സേവനങ്ങളിലൂടെ അദ്ദേഹം എങ്ങനെയുള്ള വ്യക്തിയാണെന്നു രാജ്യത്തെ ജനങ്ങൾക്ക് അറിയാം.75 വയസ്സ് തികഞ്ഞവർ സ്ഥാനമൊഴിയേണ്ടി വരുമെന്ന് മോഹൻ ഭാഗവത് സൂചിപ്പിച്ചിട്ടുണ്ട്. അതിനാൽ ഗഡ്കരിക്കുള്ള സമയം വന്നെന്ന് എനിക്ക് തോന്നുന്നു. 75 വയസ്സ് തികഞ്ഞതിന്റെ പേരിൽ യെഡിയൂരപ്പയെ കർണാടകയുടെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് രാജിവയ്പ്പിച്ചു. അന്ന് അദ്ദേഹത്തെ രാജിവയ്പ്പിച്ചവർ ഇപ്പോൾ മോദിയെ കുറിച്ചു മിണ്ടുന്നില്ല. എന്തുകൊണ്ടാണ് മോദിക്ക് വ്യത്യസ്ത പരിഗണന നൽകുന്നത്. മോദിയുടെ നിർദ്ദേശപ്രകാരമല്ലേ യെഡിയൂരപ്പയെ സ്ഥാനമൊഴിയാൻ നിർബന്ധിച്ചത്’’ – ബേലൂർ ഗോപാലകൃഷ്ണ പറഞ്ഞു.











